Saturday, 31 October 2015

നമ്മൾ

നമ്മൾ
രണ്ടു ചുണ്ടുകളാൽ
ഒറ്റചുംബനത്തിലെയ്ക്ക്‌
വേർപിരിഞ്ഞു പോയ
രണ്ട്
 ഉടൽരതികൾ    

പേരില്ലാത്ത സൂര്യൻ




 നിന്റെ വിരലുകൾ നീളുമ്പോൾ
മഞ്ഞുത്തുള്ളികൾ പറ്റിയിരിക്കുന്ന
പനിനീർപ്പൂ പോലെ
 തീ;
 വിരിഞ്ഞു വരുന്ന,


എന്നും കൃത്യമായി
കിഴക്കുദിക്കുന്ന
 നിന്റെ അടുക്കളയിൽ

പടിഞ്ഞാറു എന്ന് തെറ്റിദ്ധരിച്ചു
എന്നും സന്ധ്യക്ക്‌
വെളിച്ചമില്ലാതെ
വന്നസ്തമിക്കുന്നു
പേരില്ലാത്തൊരു സൂര്യൻ.. 

Friday, 30 October 2015

തൂക്കാൻ മറന്നു പോയ ചിത്രം

പറക്കുന്ന ചിത്രശലഭങ്ങളുടെ
പോസ്റ്ററുകൾ ഒട്ടിച്ചു വെച്ചിരിക്കുന്ന
മതിലുകൾക്കപ്പുറം

കൊഴിഞ്ഞ പൂക്കളുടെ
ചിത്രങ്ങൾ ആണിയടിച്ചു
വെച്ചിരിക്കുന്ന ചെടിയുടെ ചുവരുകൾ

അതിൽ കാലം
 തൂക്കാൻ മറന്നു പോയ
ചിത്രം ആരുടേതായിരിക്കും?

വറ്റൽ





കാറ്റ് കീറി
വെയിൽ ചേർത്ത്
മൊരിച്ചെടുക്കണം
കൊഴിഞ്ഞുവീണ
 കാറ്റാടി ഇലകളുടെ
വറ്റലുകൾ



ഇല്ലാത്ത മരത്തിന്റെ
 തണലിൽ വെറുതേയിരിക്കുമ്പോൾ
കൊറിക്കുവാൻ

കട്ടി

കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
 വളർന്നു എന്ന കള്ളം കാട്ടിയതിന്
 കട്ടിയിട്ട്;
പിണങ്ങിപ്പോയ ദൈവം-
 ഇപ്പോഴും;
 മിണ്ടാൻ കൂട്ടാക്കാത്ത
കുട്ടിയാണ് ഞാൻ .. 

Thursday, 29 October 2015

ചില്ലകൾ ഉണ്ടാവുന്ന വിധം

അധികം വന്ന വേരുകൾ കൊണ്ട്
ഉലയുന്ന ആകാശത്തെ
ഭൂമിയുമായി കൂട്ടികെട്ടിയ മരം
പെയ്ത മേഘങ്ങളിൽ
മെച്ചം വന്ന
ജലം തിരിച്ചറിയാതിരിക്കുവാൻ
വേരുകളിൽ ഇലകൾ വളർത്തുന്നു..

മരമറിയാതെ
 ചെറു അനക്കങ്ങളിൽ
നേരം മയങ്ങിക്കിടക്കുമ്പോൾ
കാറ്റിന്റെ മടിയിൽ
 ഇലകളെ ചലനത്തിന് എഴുത്തിനിരുത്തി
ചില്ലകളാക്കുന്നു... 

ഒരു തുള്ളി വെള്ളം

ഒരു തുള്ളി വെള്ളം
അതിൽ
ഇല്ലാത്ത വെള്ളം ചേർത്തു
മഴയും
ഒന്ന് നീട്ടി പുഴയും
ഒന്ന് കുറുക്കി വെള്ളച്ചാട്ടവും
ഒന്ന് നിർത്തി കുളവും
ഒന്ന് നിരത്തി  കായലും
ഒന്ന് നീട്ടി കുറുക്കി പരത്തി
തിരമാലയും
പിന്നെ ആഴങ്ങളിൽ ആഴ്ത്തി  സമുദ്രവും
ഉണ്ടാക്കുന്ന  മഹാ പ്രണയമേ
 നീ ഒരുക്കുന്നു ദാഹവും പ്രളയവും
അതേ ചെറു തുള്ളിയിൽ
പ്രണയത്തിന്റെ
കടും നിറങ്ങളിൽ..

Tuesday, 27 October 2015

പുതു കാഴ്ചകൾ

ആരോ പിടിച്ച
പെടപെടാ   പിടയ്ക്കുന്ന
 മീനിന്റെ ഉടലിൽ
 മുള്ള് പോലെ  വെള്ളം  കൂർപ്പിച്ച്
മഴക്കാലം വരയ്ക്കുന്നു
 പുഴയുടെ തെളിഞ്ഞ ചിത്രം

പുഴ  നനഞ്ഞു
ജീവൻ തിരിച്ചു കിട്ടിയ മീൻ
പിടച്ചിലിൽ നിന്ന് കരയ്ക്ക്‌ കയറി
മേലാകെ  ഒന്ന്  കുടഞ്ഞു
ഒരു തുള്ളി വെള്ളം ചേര്ക്കാതെ
ശുദ്ധമായ കണ്ണീരു വെച്ച്
മഴത്തുള്ളികളിൽ  തിരിച്ചു വരയ്ക്കുന്നു
 തുറന്നിരിക്കുന്ന ഓരോ കണ്ണുകൾ...


ഹാ നിറയെ പുതു  കാഴ്ചകൾ  

മരണാനന്തര ബഹുമതി പോലെ.. പ്രണയം

എന്റെ കല്ലറയ്ക്ക് മുമ്പിൽ
ആരോ വെച്ച് പോയ
മനോഹരമായ പൂവാണ് നീ...
ഇപ്പോൾ നമ്മൾ പ്രണയത്തിലാണ്
പ്രാണന്റെ പോലും തടസ്സമില്ലാതെ!

കാത്തുനില്പ്പു

തോർന്ന മഴയുടെ ചോട്ടിൽ
ഒരു കുടവുമായി കാത്തു നില്ക്കുന്നു
ഞാനും
പെയ്തൊഴിഞ്ഞ മഴക്കോളും!

Friday, 23 October 2015

വിരഹത്തിനു ഒരു സ്വതന്ത്രാവിഷ്കാരം

ഇറ്റുകയും ചെയ്തു
താഴേയ്ക്ക് ഒട്ടു വീണതുമില്ല
അത്തരത്തിൽ
അന്തരീക്ഷത്തിൽ തങ്ങി നില്ക്കുന്ന
ഒട്ടേറെ ത്തുള്ളികൾ

അവയിൽ സുഷിരങ്ങൾ നെയ്തു
ഓരോ ഇഴയിലും
കോർത്തിടുന്ന മഴ

 ആ ഭംഗിക്കിടയിലും
പെയ്യുന്ന മഴയിൽ
മഴത്തുള്ളികൾ  ഓരോന്നും
വെവ്വേറെ അനുഭവിക്കുന്ന
കടുത്ത ഏകാന്തത

കൂടുതൽ
വെള്ളം ചേർക്കാതെ പറഞ്ഞാൽ
നീയില്ലാത്തപ്പോൾ
ഞാൻ അനുഭവിക്കുന്ന
തീവ്രവിരഹമുണ്ടല്ലോ
അതിന്റെ ഏറ്റവും  ലളിതമായ
സ്വതന്ത്രാവിഷ്കാരമാണ്
ഓരോ മഴയും    

സ്റ്റാറ്റസ് പോസ്റ്റ്‌

ഉണ്ടാവില്ല
നക്ഷത്രങ്ങളുടെ ലൈകുകൾ ..
ഷെയർ ചെയ്യുവാൻ
ഒരു പക്ഷെ മേഘങ്ങളും;
എന്നാലും
നീയില്ലാതെ അത്രമേൽ ശൂന്യമായ
ഈ രാത്രിയിൽ
നിനക്ക് വേണ്ടി
സ്റ്റാറ്റസായി ഞാൻ പോസ്റ്റ്‌ ചെയ്യുന്നു
നീലനിറത്തിൽ ഒരാകാശം!