Tuesday, 10 July 2018

മഴയുടെ പിറന്നാൾ

ഇന്ന് പെയ്യുന്ന മഴയുടെ
പിറന്നാളായിരുന്നു,
ഇന്നലെ..

ആശംസിക്കുവാൻ പോയില്ല

ഉടൽ കൊണ്ട്,
ആരും ആശംസിക്കാതെ
കടന്നുപോയ
എത്രയോ പിറന്നാളുകൾ
കെട്ടിക്കിടക്കുന്ന ഇടമാണ്

നനയും
വെള്ളം തെറിയ്ക്കും
എന്ന് പേടിച്ചിട്ടാവും
എത്ര സൂക്ഷിച്ചാണ്
മഴ പോലും
ചവിട്ടാതെ
കടന്നുപോകുന്നത്...

കാലങ്ങൾ കൊണ്ട്
തിരമാലകൾ മാത്രം
ആഘോഷിക്കുന്ന
കെട്ടികിടക്കുന്ന പിറന്നാളുകളുടെ
കടലാകുമായിരിക്കും..

Sunday, 29 October 2017

ശാന്തി

അനിർവ്വചനീയമായ ആനന്ദം

അതിനെ നിർവ്വചിച്ച്
നിർവ്വചിച്ച്
എഴുതി
ഒഴിവാക്കുന്ന ആനന്ദം

ആനന്ദം വേണ്ട,
ശാന്തി മതി..
എന്ന ശ്വാസത്തിന്റെ
ധ്യാനാത്മക ഒറ്റക്കാൽ
നിൽപ്പാണ് കവിത

അതിന്
നിലനിൽപ്പില്ല
ഒരു നിമിഷത്തെ
നിൽപ്പ് മാത്രം!

അമ്മയുടെ
ഉള്ളിൽ നിന്നും
കിട്ടിയ
പൂർണ്ണമായും
ആന്തരികമായ ചൂടിനെ ഒറ്റശ്വാസത്തിലേയ്ക്കാവാഹിച്ച്
ആ ശ്വാസത്തിലുള്ള
കലർപ്പില്ലാത്ത
ആജീവനാന്ത നിലനിൽപ്പ്

ഒരു പക്ഷേ
ശ്വാസം ഒഴിവാക്കിയുള്ള
നിശ്വാസം!

Saturday, 28 October 2017

മനുഷ്യൻ

പൂക്കൾ
ഇറുത്തിടുമ്പോലെ
നൃത്തത്തിന്റെ ഭാഷയിൽ
ഒച്ചവെക്കുന്ന ഒരുവൻ

ഒട്ടിച്ച സ്റ്റാമ്പിനെ
കെട്ടിപ്പിടിച്ച് കരയുന്ന
ഭ്രാന്തൻ

മരിക്കുവാനാവശ്യപ്പെട്ട്
മേൽവിലാസം
ഒഴിച്ചിട്ട ഒരു കത്ത്
അവന് കിട്ടിയിട്ടുണ്ട്
ഉറപ്പ്!

ചില'അന്തി'

ഞാനും
കാലില്ലാത്ത ചിലന്തിയും
ഒരുമിച്ചിരിക്കുന്നു

കാലില്ലാത്തത് കൊണ്ട്
ചിലന്തിയാകുവാൻ
അത്
കഷ്ടപ്പെടുന്നുണ്ട്

എനിക്ക്
ചിലന്തിയുടെ കാലാകണമെന്നുണ്ട്
വലയിൽ കുരുങ്ങണമെന്നുണ്ട്
ആ ചിലന്തിയുടെ
ഒരു നിമിഷത്തെ
ചിന്തയെങ്കിലും
ആകണമെന്നുണ്ട്

ഞാനിപ്പോൾ
എൻപത് ശതമാനം
ശലഭവും
ഇരുപതു ശതമാനം
നിലപാടുകളും ഉള്ള
ജീവി

എന്നിട്ടും
ഇരയായി
ചിലന്തി
എന്നെ  കാണുന്നില്ല

എന്റെ ചുവരിലേയ്ക്ക്
കടന്നു വരുന്നില്ല

കഷ്ടപ്പെടാത്തവർ
മനുഷ്യരല്ല
എന്ന്
അതിന്റെ ചുവരിലിരുന്നു
വിചാരിക്കുക മാത്രം
ചെയ്യുന്നു

കഷ്ടപ്പാടുകളുടെ
ഉടമസ്ഥൻ എന്ന നിലയിൽ
ഏത് നിമിഷവും
ഒരേ മുറിയിൽ നിന്നും
ചിലന്തി
പുറത്താക്കിയേക്കാവുന്ന
വ്യത്യസ്ത ഭ്രാന്തുള്ള
രണ്ടുപേരിൽ ഒരാൾ
ഞാനാണ്!

Thursday, 26 October 2017

മന:പൂർവ്വം

നിറങ്ങളെ
അതിന്റെ നഗ്നതയിൽ മുക്കി
ധ്യാനിയ്ക്കുന്നു

പരിസരങ്ങളെ
രഹസ്യമായി ഒഴിവാക്കുന്നു

സ്വന്തം കാലുകൾ കടന്നുകഴിഞ്ഞാൽ
മുറിച്ച് കടക്കാൻ
മറഞ്ഞ് കിടക്കുന്ന
തോണിയായി

അത് കഴിഞ്ഞാൽ
വീണ്ടും മൃദുവായ രാത്രി

നനവ് വീണ്ടും
പഴയ കൈകേയിയാവുന്നു

തോണിയായാൽ
ഉലയണമെന്നാണ് വെയ്പ്പ്

ഇവിടെ
പാറയിൽ കൊത്തിവെച്ച വാക്കാണ്
സരയൂ

വരൂ എന്ന നോക്കും
പറയൂ എന്ന വാക്കും
ഉറവയിലേ
മന:പൂർവ്വം ഒഴിച്ചിടുന്നു .....

Sunday, 22 October 2017

കടൽക്കൊളുത്തുള്ള മീൻചങ്ങലകൾ

മുടിയഴിച്ചിട്ട്
മീനിന്റെ
മടിയിൽ
കിടക്കുന്ന കടലിനെ
കണ്ടവരുണ്ട്

കണ്ടവർ കണ്ടവർ
പുതിയ മീനുകളാവുകയായിരുന്നു

തിരമാലകളുടെ
വിരലുകൾ കൊണ്ട്
ജല ഉരുളകൾ
വാരിവാരിക്കഴിക്കുന്ന
കുഞ്ഞുകുഞ്ഞു മീനുകൾ

കടൽ വീണ്ടും
ഇന്നലെയുടെ അമ്മയാകുന്നു
നാളെയുടെ കുഞ്ഞും

അയാൾ കഴിഞ്ഞ ജൻമത്തിലെ
മുക്കുവൻ

ഇതേ ജൻമവും
അതേ കടലിന്റെ
തലചായ്ക്കാൻ ഇടമില്ലായ്മയിൽ
ജോലി ചെയ്യുന്നു!

Friday, 20 October 2017

മരുന്നുകട

മഴ ഫാർമസിസ്റ്റായി
ജോലി ചെയ്യുന്ന
മെഡിക്കൽ ഷോപ്പിലെ
എല്ലാ മരുന്നുകളും
ജലദോഷത്തിനുള്ളതാണ്

എനിക്ക് മരുന്നു
വേണ്ടത്
പനിയ്ക്കാണ്

ഇനി ഞാനെന്തു ചെയ്യും?

വീടിന് മുന്നിൽ
തോരാത്ത വാരിയ്ക്ക്
കീഴിൽ
തുറന്ന് വെച്ചിരിക്കുന്ന
മരുന്നുകട!