Friday 29 September 2017

ആൺജീവി

നൃത്തങ്ങൾക്ക് വടക്ക്
കാലടികൾക്ക് പടിഞ്ഞാറ്
സൂര്യനെന്ന് പേരുള്ള നഗരം

സോഷ്യൽമീഡിയയിലൂടെ
ഒഴുകിവരുന്ന രക്തം
കാണുന്നു

ഒരു കെട്ടിപ്പിടിത്തത്തിന്റെ
കുറവുള്ള
ആൺജീവിയാകുന്നു!

സ്വന്തം നെഞ്ചിലേയ്ക്ക്
തിരിഞ്ഞുകിടക്കുന്നു ......

Friday 22 September 2017

ശലഭങ്ങളുടെ അമ്മ

എന്തൊരുവാക്കാണ്
അടുക്കള

തീ കൊണ്ട് അവൾ
നൃത്തം വെയ്ക്കുമ്പോൾ

അവളുടെ കാലൊച്ചകൾ
കട്ടെടുത്ത് ഇറ്റുന്ന
തുള്ളികൾ
ഒന്നേ രണ്ടേ മൂന്നെന്നെണ്ണി
എന്നേയും
ഘടികാരത്തിനേയും
കൊതിപ്പിച്ചുകൊണ്ടിരിയ്ക്കും

വായിച്ചുമടുത്ത്
മടക്കിവെച്ച പുസ്തകം
ഇമ മയങ്ങുന്ന അരയന്നമായി
നെഞ്ചിൽ നീന്തിത്തുടങ്ങും

അടക്കിപ്പിടിച്ച ശ്വാസങ്ങൾ
കൊണ്ട്
തുള്ളികളെ
ഉറക്കിക്കിടത്തിയ
മഴയായി അവൾ
എന്റെ അരികുകൾക്ക്
മെല്ലേ
ഞാനറിയാതെ
തീയിടും

ഒന്നു തൊട്ടാൽ
ഏത് നിമിഷവും
മാമ്പഴമായി
അടർന്നുവീണേക്കാവുന്ന
മുമ്പ് എന്ന വാക്ക്

അപ്പോഴാവും
ഇന്നെത്ര കവിതയെഴുതി
എന്ന
കുറുമ്പു തുളുമ്പുന്ന ചോദ്യം
പതുക്കെ
അവളുടെ ചുണ്ടുകൾ
കടന്നുവരിക

ഇപ്പോൾ മുറി നിറയെ
ശ്വാസത്തിന്റെ ആകൃതിയിൽ
മുറിച്ച കാറ്റുകൾ

വീണ്ടും
കവിത ഇഷ്ടമല്ലാത്ത
പെണ്ണാവുന്ന
അവൾ

ഇപ്പോ എനിക്കറിയാം
അവളുടെ ഒരു നുള്ളാണ്
ഒരായിരം
ശലഭങ്ങളുടെ അമ്മ!

Thursday 21 September 2017

മഴമൂന്ന്

വെള്ളത്തിന്റെ കൊള്ളിയുരച്ച്
മഴയുടെ മുലഞ്ഞെട്ടിന്
ആരോ തീ വെച്ചിരിയ്ക്കുന്നു

അത്രയും നിമീലിതമായ
മിഴിയിൽ
ധ്യാനമേഘങ്ങളിലൊന്ന്
ഒരർദ്ധബുദ്ധനെ
ഡൗൺലോഡ് ചെയ്യുന്നതിനിടയിൽ

ചുണ്ടു പൊള്ളിയ  മിന്നലിനെ
അത്രമേൽ നഗ്നമായി
ഒരു ചുംബനം
ആവിഷ്ക്കരിക്കുന്നു!