Thursday, 15 November 2018

തയ്യൽമെഷീന്റെ വീടുള്ള
തുണിയാവുന്നു

സുഷിരത്തിന്റെ നഗ്നത
കുത്തിതുറന്ന്
സൂചിയുടെ താക്കോൽദ്വാരത്തിന്
കീഴിൽ ചെന്ന്
മലർന്നു കിടക്കുന്നു

വേദനയുടെ മൂർച്ചയുള്ള
തുള്ളികൾ
ഇറ്റിറ്റു വീഴുന്ന തിളക്കം

നനഞ്ഞാലും
തുന്നിക്കിട്ടുമായിരിയ്ക്കും
എന്നെങ്കിലും
മണ്ണിന്റെ തരികളുള്ള ഒരാകാശം..

അന്നെങ്കിലും
മറിച്ചിട്ട് നോക്കണം
സൂര്യനെന്ന തയ്യൽ മെഷീൻ.

Tuesday, 10 July 2018

മഴയുടെ പിറന്നാൾ

ഇന്ന് പെയ്യുന്ന മഴയുടെ
പിറന്നാളായിരുന്നു,
ഇന്നലെ..

ആശംസിക്കുവാൻ പോയില്ല

ഉടൽ കൊണ്ട്,
ആരും ആശംസിക്കാതെ
കടന്നുപോയ
എത്രയോ പിറന്നാളുകൾ
കെട്ടിക്കിടക്കുന്ന ഇടമാണ്

നനയും
വെള്ളം തെറിയ്ക്കും
എന്ന് പേടിച്ചിട്ടാവും
എത്ര സൂക്ഷിച്ചാണ്
മഴ പോലും
ചവിട്ടാതെ
കടന്നുപോകുന്നത്...

കാലങ്ങൾ കൊണ്ട്
തിരമാലകൾ മാത്രം
ആഘോഷിക്കുന്ന
കെട്ടികിടക്കുന്ന പിറന്നാളുകളുടെ
കടലാകുമായിരിക്കും..