Wednesday 18 November 2015

ഒരേ വാതിലുകൾ!

ഇമകൾ
 പറന്നുനടക്കുന്ന  ആകാശം


മേഘങ്ങൾ മുഴുവൻ;  മുന്തിരി മണികളായി
മാറി കഴിഞ്ഞിരിക്കുന്നു

സാധ്യതയില്ലാത്ത മഴകൾ
തോരാനാവാത്തത് പോലെ
പെയ്യുന്നു


കൂട്ടമായി
 ചോപ്പ് കത്തിച്ചിട്ടിരിക്കുന്ന
തൊട്ടാവാടികൾ


ഇലകൾ പിടിച്ചു കിടക്കുന്ന മരങ്ങളെ
മെഴുതിരികളായി;
  പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു

തണൽ കത്തിച്ചുവെച്ചു ഉള്ളുരുകി കൊണ്ടിരുന്നവ
പതിയെ അണഞ്ഞുതുടങ്ങുന്നു


 കരിയിലകളിൽ
ഈശ്വരനെ തിരയുകയാണ്
പച്ചനിറത്തിൽ കെട്ടഴിച്ചു വിട്ട
പ്രാർത്ഥനകൾ


കടന്നു പോയ തീവണ്ടികളുടെ
 ജാലകങ്ങൾ;
വീണുകിടക്കുന്ന പാളങ്ങൾ


മനുഷ്യരെല്ലായിടത്തും
 ഒന്നാണെന്ന് തെറ്റിദ്ധരിച്ചു
ഇറങ്ങുന്ന വീടും
കയറുന്ന വണ്ടിയും
 തെരുവിൽ പങ്കിടുന്നു
ഒരേ വാതിലുകൾ!

No comments:

Post a Comment