Sunday, 29 October 2017

ശാന്തി

അനിർവ്വചനീയമായ ആനന്ദം

അതിനെ നിർവ്വചിച്ച്
നിർവ്വചിച്ച്
എഴുതി
ഒഴിവാക്കുന്ന ആനന്ദം

ആനന്ദം വേണ്ട,
ശാന്തി മതി..
എന്ന ശ്വാസത്തിന്റെ
ധ്യാനാത്മക ഒറ്റക്കാൽ
നിൽപ്പാണ് കവിത

അതിന്
നിലനിൽപ്പില്ല
ഒരു നിമിഷത്തെ
നിൽപ്പ് മാത്രം!

അമ്മയുടെ
ഉള്ളിൽ നിന്നും
കിട്ടിയ
പൂർണ്ണമായും
ആന്തരികമായ ചൂടിനെ ഒറ്റശ്വാസത്തിലേയ്ക്കാവാഹിച്ച്
ആ ശ്വാസത്തിലുള്ള
കലർപ്പില്ലാത്ത
ആജീവനാന്ത നിലനിൽപ്പ്

ഒരു പക്ഷേ
ശ്വാസം ഒഴിവാക്കിയുള്ള
നിശ്വാസം!

Saturday, 28 October 2017

മനുഷ്യൻ

പൂക്കൾ
ഇറുത്തിടുമ്പോലെ
നൃത്തത്തിന്റെ ഭാഷയിൽ
ഒച്ചവെക്കുന്ന ഒരുവൻ

ഒട്ടിച്ച സ്റ്റാമ്പിനെ
കെട്ടിപ്പിടിച്ച് കരയുന്ന
ഭ്രാന്തൻ

മരിക്കുവാനാവശ്യപ്പെട്ട്
മേൽവിലാസം
ഒഴിച്ചിട്ട ഒരു കത്ത്
അവന് കിട്ടിയിട്ടുണ്ട്
ഉറപ്പ്!

ചില'അന്തി'

ഞാനും
കാലില്ലാത്ത ചിലന്തിയും
ഒരുമിച്ചിരിക്കുന്നു

കാലില്ലാത്തത് കൊണ്ട്
ചിലന്തിയാകുവാൻ
അത്
കഷ്ടപ്പെടുന്നുണ്ട്

എനിക്ക്
ചിലന്തിയുടെ കാലാകണമെന്നുണ്ട്
വലയിൽ കുരുങ്ങണമെന്നുണ്ട്
ആ ചിലന്തിയുടെ
ഒരു നിമിഷത്തെ
ചിന്തയെങ്കിലും
ആകണമെന്നുണ്ട്

ഞാനിപ്പോൾ
എൻപത് ശതമാനം
ശലഭവും
ഇരുപതു ശതമാനം
നിലപാടുകളും ഉള്ള
ജീവി

എന്നിട്ടും
ഇരയായി
ചിലന്തി
എന്നെ  കാണുന്നില്ല

എന്റെ ചുവരിലേയ്ക്ക്
കടന്നു വരുന്നില്ല

കഷ്ടപ്പെടാത്തവർ
മനുഷ്യരല്ല
എന്ന്
അതിന്റെ ചുവരിലിരുന്നു
വിചാരിക്കുക മാത്രം
ചെയ്യുന്നു

കഷ്ടപ്പാടുകളുടെ
ഉടമസ്ഥൻ എന്ന നിലയിൽ
ഏത് നിമിഷവും
ഒരേ മുറിയിൽ നിന്നും
ചിലന്തി
പുറത്താക്കിയേക്കാവുന്ന
വ്യത്യസ്ത ഭ്രാന്തുള്ള
രണ്ടുപേരിൽ ഒരാൾ
ഞാനാണ്!

Thursday, 26 October 2017

മന:പൂർവ്വം

നിറങ്ങളെ
അതിന്റെ നഗ്നതയിൽ മുക്കി
ധ്യാനിയ്ക്കുന്നു

പരിസരങ്ങളെ
രഹസ്യമായി ഒഴിവാക്കുന്നു

സ്വന്തം കാലുകൾ കടന്നുകഴിഞ്ഞാൽ
മുറിച്ച് കടക്കാൻ
മറഞ്ഞ് കിടക്കുന്ന
തോണിയായി

അത് കഴിഞ്ഞാൽ
വീണ്ടും മൃദുവായ രാത്രി

നനവ് വീണ്ടും
പഴയ കൈകേയിയാവുന്നു

തോണിയായാൽ
ഉലയണമെന്നാണ് വെയ്പ്പ്

ഇവിടെ
പാറയിൽ കൊത്തിവെച്ച വാക്കാണ്
സരയൂ

വരൂ എന്ന നോക്കും
പറയൂ എന്ന വാക്കും
ഉറവയിലേ
മന:പൂർവ്വം ഒഴിച്ചിടുന്നു .....

Sunday, 22 October 2017

കടൽക്കൊളുത്തുള്ള മീൻചങ്ങലകൾ

മുടിയഴിച്ചിട്ട്
മീനിന്റെ
മടിയിൽ
കിടക്കുന്ന കടലിനെ
കണ്ടവരുണ്ട്

കണ്ടവർ കണ്ടവർ
പുതിയ മീനുകളാവുകയായിരുന്നു

തിരമാലകളുടെ
വിരലുകൾ കൊണ്ട്
ജല ഉരുളകൾ
വാരിവാരിക്കഴിക്കുന്ന
കുഞ്ഞുകുഞ്ഞു മീനുകൾ

കടൽ വീണ്ടും
ഇന്നലെയുടെ അമ്മയാകുന്നു
നാളെയുടെ കുഞ്ഞും

അയാൾ കഴിഞ്ഞ ജൻമത്തിലെ
മുക്കുവൻ

ഇതേ ജൻമവും
അതേ കടലിന്റെ
തലചായ്ക്കാൻ ഇടമില്ലായ്മയിൽ
ജോലി ചെയ്യുന്നു!

Friday, 20 October 2017

മരുന്നുകട

മഴ ഫാർമസിസ്റ്റായി
ജോലി ചെയ്യുന്ന
മെഡിക്കൽ ഷോപ്പിലെ
എല്ലാ മരുന്നുകളും
ജലദോഷത്തിനുള്ളതാണ്

എനിക്ക് മരുന്നു
വേണ്ടത്
പനിയ്ക്കാണ്

ഇനി ഞാനെന്തു ചെയ്യും?

വീടിന് മുന്നിൽ
തോരാത്ത വാരിയ്ക്ക്
കീഴിൽ
തുറന്ന് വെച്ചിരിക്കുന്ന
മരുന്നുകട!

Friday, 13 October 2017

ശുചിമുറി

ഒരു യാത്ര കഴിഞ്ഞ്
രാവിലെ
ശുചിമുറി ഉപയോഗിക്കുകയായിരുന്നു

പൊടുന്നനെ
എന്തോ
തീവണ്ടിയിലെ ശുചിമുറിയെ
അനുസ്മരിപ്പിക്കുന്നില്ലേ?

ആരുടെ ശുചിമുറിയാണ്
ഓർമ്മകൾ?

എരിയുന്ന മെഴുതിരികൾ
ഉപയോഗിച്ച
ശുചിമുറിപോലെ
ഓർമ്മയിലേയ്ക്ക് കടന്നുവരുന്ന
തലേന്നത്തെ രാത്രി

ശുചിമുറിയിലേയ്ക്കുള്ള
ഉപമകളുടെ
വഴി പോലെ
എഴുതുന്നയിടം തരിശിട്ട്
ഇന്നലെ എപ്പോഴോ
മറന്നുപോയ
അവസാനകവിതയും

ഇനി
ഒന്നുമാത്രം പറയാം
കഥയിലൊരിടത്ത്
ശലഭങ്ങളുടെ ശുചിമുറി
നായകൻ
ഉപയോഗിക്കുന്നുണ്ട്!

Wednesday, 11 October 2017

നിക്ഷേപങ്ങൾ

നല്ല നിക്ഷേപകരാണ്
ഞാനും ദൈവവും

നഷ്ടസാധ്യത
കണക്കിലെടുത്ത്
ദൈവത്തിന്റെ മനുഷ്യത്വത്തിലാണ്
എന്റെ ഹൃസ്വകാല
നിക്ഷേപങ്ങളിലധികവും

എന്നാൽ
ലാഭസാധ്യത മുന്നിൽക്കണ്ട്
എന്റെ വേദനയിലാണ്
പതിവായി
ദൈവത്തിന്റെ സ്ഥിരനിക്ഷേപം

എന്നിരുന്നാലും
ഒരു സുരക്ഷിതത്ത്വത്തിനെന്നോണ്ണം
ദൈവമറിയാതെ
ദൈവത്തിന്റെ വിരലുകളിലും
നിക്ഷേപിച്ചിരിയ്ക്കുന്നു
എന്റെ വേദനകൾ!

Sunday, 8 October 2017

തൈ

ഞായറാഴ്ച്ചയുടെ തൈ
കിളിച്ചുവരുന്ന ദിവസം നോക്കി
കിഴക്കിനോട് ചേർത്ത്
ആരോ നീട്ടിനട്ടതാവണം
ദിക്കിന്റെ ഒരു കുരു

മഴ ചാറുന്നുണ്ട്
ചാറിയ മഴയെല്ലാം
പകലിന്റെ ചോട്ടിലേയ്ക്ക്
പെറുക്കി കൂട്ടുന്നുണ്ട്
ഒരു മാവിന്റെ കുട്ടി

രാത്രി
നക്ഷത്രങ്ങൾ വരുന്ന
കപ്പലാവണം

മാമ്പഴം ഒരു പൂച്ചയുടെ പേരും

മീനുകൾ
പതിവില്ലാത്ത വിധം
ഇന്നലെ
കുറച്ച് നേരത്തേ
ഉറങ്ങിയതാവണം!

Saturday, 7 October 2017

ശിൽപ്പം

ഒരു അഭയത്തിന്റെ
ശിൽപ്പമാവണം
ഭ്രാന്ത്

നൃത്തത്തിന്റെ ചങ്ങലയിട്ട്
തൽക്കാലം 
അയാൾ
അതിൽ
കയറി നിന്നതാവണം

ഇറങ്ങി വരുമ്പോൾ
പക്ഷിയുടെ നിറം കൊടുത്ത്
പറത്തിവിടാൻ
മറന്നുപോയതാവണം...

എന്നിരുന്നാലും
കറി പുരട്ടിയ
ഒരു ഉരുളച്ചോറിന്റെ
വാ പിളർക്കുന്ന
ശാന്തതയ്ക്കിടയിലും
വേരുകൾ എന്ന നിലയിൽ
തുറക്കുവാനാകാത്ത
എല്ലുകളിൽ
കിലുങ്ങുന്നുണ്ട്
ആൺമജ്ജയുടെ
താക്കോലുകൾ!