Wednesday, 9 December 2015

മുറിച്ചുവെച്ച നാരങ്ങയിൽ നിന്നും
മഞ്ഞനിറത്തിൽ
പറന്നുപൊങ്ങുന്ന ശലഭങ്ങൾ

പണ്ട് തുളസിയുടെ
രണ്ടില പിടിച്ചിരുന്ന
നിന്റെ മുടിയിൽ
അതിന്റെ വേര് പോലെ
ഇപ്പോൾ നീണ്ടുകിടക്കുന്ന
രണ്ടുനരകൾ

ചുണ്ടിൽ ഇപ്പോഴും
പണ്ടത്തെ പോലെ
എന്നെ കൊതിപ്പിക്കുന്ന
അതേ നാരങ്ങ മണമുള്ള
ചെറുനനവ്‌

ഒളിപ്പിച്ചു കാണിച്ച
മാറിലെ മറുകിന്റെ
അതേ കസ്തൂരിമണമുള്ള
കുറുമ്പ്

കടന്നുപോകുന്ന  കാറ്റ്
ഓർമിപ്പിക്കുന്ന
മുറുക്കമുള്ള
നമ്മുടെ പഴയ ആലിംഗനങ്ങൾ

നമ്മുടെ ഇളം വാർദ്ധക്യത്തിലും
നരയുടെ ഉപ്പു ചേർത്തു
പഴയ എല്ലാ  വികൃതികളോടും കൂടി
അതേ ആകൃതിയിൽ
ഒറ്റനോട്ടത്തിൽ
നമ്മൾ പൊടിതട്ടിയെടുക്കുന്ന
കുട്ടിക്കാലത്തെ പുളിയുള്ള
 മാങ്ങകൾ 
രേണുകയുടെ പുത്രൻ /
”കെ  ജയകുമാർ

പരശുവിൻ മെയ് തൊടാതകലുന്ന കടലിൽ നി-
ന്നുരുവായ കരനോക്കി നില്ക്കേ
വെയ്‌ലും നിലാവുമിരിട്ടുമില്ലവിടെയൊരു
വിളറുന്ന ഹിമപാളി മാത്രം
കാറ്റില്ല, കടലിൻ മിടിപ്പില്ല തേങ്ങലായ്
നേർക്കുന്ന താരാട്ടു മാത്രം
മുന്നിലെ ശൂന്യതയിൽ വർജ്ജിച്ച മഴുവിന്റെ
മൃതമാമനാഥമെയ് മാത്രം
ഒരു കൊടുംഹത്യ തൻ ഭാരവും തീരാത്ത
നരമേധമായ്‌ത്തീർന്ന വാഴ്വും
മഴുപോലെ തിരകൾ വന്നേല്ക്കാത്ത പാപത്തി
നുടൽപോലെ ജീവിതം ബാക്കി.”

Saturday, 28 November 2015

പൂച്ച

പൂച്ചക്കണ്ണുള്ള പൂച്ച
മീൻമുള്ളിനെ കൂർപ്പിച്ചു നോക്കി
കണ്ണിൽ വെള്ളം നിറച്ചു
ഉളളിൽ
മീൻ കുഞ്ഞുങ്ങളെ വളർത്തുന്നത്
പോലെ..

കണ്ടിട്ടും
തിരിഞ്ഞുനോക്കാത്ത
നിന്റെ മീൻ കണ്ണിനുള്ളിൽ
വെള്ളത്തിന്റെ കാഴ്ച കൊടുത്തു
ഞാനൊരു
വിശക്കുന്ന പൂച്ചയെ വളർത്തുന്നു..

തുന്നൽ

സ്വന്തമായി
വെയിൽ ഉൽപ്പാദിപ്പിക്കുന്ന
മനുഷ്യനായിരുന്നു ...
ഈയിടെയായി;
കട അടച്ചു കഴിഞ്ഞാലും
കൃത്യമായി വീട്ടിൽ
പോകാറില്ല

വല്ലാതെ നഗ്നയായി
നിലാവ് എന്നും;
വന്നു നില്ക്കുന്നു
പൌർണമിയ്ക്ക് മുമ്പ്
തീർത്ത്കൊടുക്കാമെന്നേറ്റിരുന്ന
ചന്ദ്രനെ
ഇനിയും തുന്നി തീർന്നിട്ടുണ്ടാവില്ല!

അതായതു


അതായതു..
ഒരു ക്യാരം ബോർഡിൻറെ ചതുരത്തെ
കളി കഴിഞ്ഞു നമ്മൾ അഴിച്ചെടുക്കുകയാണ്
അതിന്റെ നാലുകുഴികൾ നിരപ്പാക്കി
നഖങ്ങൾ സഹിതം
വിരലുകൾ ഉപേക്ഷിക്കുകയാണ്
ഉപേക്ഷിക്കുന്നതിനെ പുനർനിർമിക്കുന്ന ഒരാൾ
ഉപേക്ഷിച്ച ചതുരത്തിനെ ചെടിച്ചട്ടിയാക്കുമായിരിക്കും
ഉപയോഗിച്ച പൊടിയെ മണവും...
അവസാനം ഉണ്ടായേക്കാവുന്ന
പൂ പറിക്കാൻ
വിരലുകൾ അപ്പോഴും പുനരുപയോഗിക്കുന്നുണ്ടല്ലോ
അതാണ് ആശ്വാസം.
പക്ഷേ, അതല്ല അതിശയം...
കൊക്കുകൾ കൊണ്ട് തൊടാതെ
വാക്കുകൾ കൊണ്ടും നോക്കുകൾ കൊണ്ടും
ബഹുവചനങ്ങളാൽ മാത്രം
തൂവലുകൾ മിനുക്കി കൊണ്ടിരുന്ന
കിളികൾനോക്കിനിൽക്കേ
എന്നോ പൂർണമായും വിരിഞ്ഞു
സാങ്കത്യം തന്നെ എപ്പോഴോ നഷ്ടപ്പെട്ട
മൊട്ടുകൾ നോക്കിനിൽക്കേ
അതേ വിരലുകൾ
ഇറുത്തെടുക്കുന്ന പൂക്കളുടെ ആകൃതി
അതാ ഇതളുകളിൽ നിന്ന്
അഴിച്ചെടുത്തു തുടങ്ങുന്നു...

Monday, 23 November 2015

ഉടലുകളുടെ മട വീണുപോയ- പാടങ്ങളാണ് നമ്മൾ

അന്യോന്യം കടക്കരുതെന്ന്
ഉടമ്പടി വെച്ച
വരമ്പിനപ്പുറവും  ഇപ്പുറവും
കൃഷിചെയ്യുന്നതിനിടയിൽ;
പ്രതീക്ഷിച്ചിരുന്നത്  പോലെ   പെയ്ത  മഴയിൽ,
ജലരൂപത്തിൽ
ഉടലുകളുടെ മട വീണുപോയ-
പാടങ്ങളാണ് നമ്മൾ! 

Thursday, 19 November 2015

മഴമൈലാഞ്ചി

മേഘങ്ങൾ അരച്ച്
മിന്നലിന്റെ
മൈലാഞ്ചിയിട്ട മഴ

പ്രവാസചന്ദ്രൻ

എണ്ണ വില
ഇടിഞ്ഞു തുടങ്ങിയിരിക്കുന്നു

 ഇനിയും എത്രകാലം
 പ്രവാസിയായി
പിടിച്ചു നില്ക്കാൻ കഴിയും
 ഗൾഫിലെ പോലെ
ആകാശത്തിന്റെ വിദേശത്ത്
ചന്ദ്രന്‌

അല്ലെങ്കിലും എല്ലാ മാസവും
 പൌർണമി കഴിഞ്ഞാൽ
എല്ലാ ദിവസവും
 ആകാശത്താണെങ്കിലും!
സ്വഭാവം കൊണ്ട്
ചന്ദ്രൻ എപ്പോഴും മലയാളിയാ!

Wednesday, 18 November 2015

ഒരേ വാതിലുകൾ!

ഇമകൾ
 പറന്നുനടക്കുന്ന  ആകാശം


മേഘങ്ങൾ മുഴുവൻ;  മുന്തിരി മണികളായി
മാറി കഴിഞ്ഞിരിക്കുന്നു

സാധ്യതയില്ലാത്ത മഴകൾ
തോരാനാവാത്തത് പോലെ
പെയ്യുന്നു


കൂട്ടമായി
 ചോപ്പ് കത്തിച്ചിട്ടിരിക്കുന്ന
തൊട്ടാവാടികൾ


ഇലകൾ പിടിച്ചു കിടക്കുന്ന മരങ്ങളെ
മെഴുതിരികളായി;
  പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു

തണൽ കത്തിച്ചുവെച്ചു ഉള്ളുരുകി കൊണ്ടിരുന്നവ
പതിയെ അണഞ്ഞുതുടങ്ങുന്നു


 കരിയിലകളിൽ
ഈശ്വരനെ തിരയുകയാണ്
പച്ചനിറത്തിൽ കെട്ടഴിച്ചു വിട്ട
പ്രാർത്ഥനകൾ


കടന്നു പോയ തീവണ്ടികളുടെ
 ജാലകങ്ങൾ;
വീണുകിടക്കുന്ന പാളങ്ങൾ


മനുഷ്യരെല്ലായിടത്തും
 ഒന്നാണെന്ന് തെറ്റിദ്ധരിച്ചു
ഇറങ്ങുന്ന വീടും
കയറുന്ന വണ്ടിയും
 തെരുവിൽ പങ്കിടുന്നു
ഒരേ വാതിലുകൾ!

നമുക്ക് വേണ്ടി പ്രണയിക്കുന്നവർ

ലോകത്തിലെ എല്ലാ മനോഹര കാഴ്ചകളും
പൂക്കളും
സ്ഥലങ്ങളും കാണുന്നതും
സുഖകരമായ കാലാവസ്ഥകളും
ഋതുക്കളും
 അറിയുന്നതും
പാട്ടുകൾ കേട്ടുകൊണ്ടിരിക്കുന്നതും
നമ്മൾ പ്രണയിക്കുമ്പോഴാണ്....

അപ്പോൾ നമ്മൾ പ്രണയിക്കാതിരുന്നപ്പോഴോ?

അത് വരെ പ്രണയിച്ചവരും
ഇപ്പോൾ പ്രണയിക്കുന്നവരും
നമുക്ക് വേണ്ടി  പ്രണയിച്ചവർ ആയിരിക്കും!   

Wednesday, 11 November 2015

ഇര


ഇരയാണ് ഞാൻ...
മരിച്ചുപോയ  വേട്ടക്കാരനെ
ആദരിക്കുവാനുള്ള
ഒരവസരവും,
മതത്തിന്റെ പേരിൽ
ഞാൻ  പാഴാക്കുന്നില്ല
വേട്ടക്കാരന്റെ പുന:ജന്മം പോലെ
 പരമ്പരാഗതമായി
 ഓർമകളെ
വേട്ടയാടിക്കൊണ്ടിരിക്കുന്നു .. 

പതാകകൾ

നിറം നഷ്ടപ്പെട്ട പതാകകൾ ആണ്
പല്ലികൾ

 അടർന്നു വീണ ചുവരുകൾ
അസഹിഷ്ണുത പെരുകിയ
പഴയരാജ്യങ്ങൾ

വാലുമാത്രം മുറിച്ചു കളഞ്ഞ
അഴിമതിയ്ക്കു പിന്നിൽ
കൊട്ടിയടയ്ക്കപ്പെടുന്ന
ഇല്ലാത്ത വാതിലുകളുടെ വീജാവരിയിൽ
 ചത്തിരിക്കുന്ന ജനാധിപത്യം

സ്റ്റീയറിംഗിന്റെ മുഖമുള്ള ഒരാൾ

സ്റ്റീയറിംഗിന്റെ മുഖമുള്ള
ഒരാൾ..
ഓടുന്ന വേഗത്തിൽ
അയാളിലേയ്ക്ക് നടന്നുപോകുന്ന;
ടയറിന്റെ കാലുകളുള്ള
മറ്റൊരാൾ..
എങ്ങോട്ടേയ്ക്ക് വേണമെങ്കിലും;
എപ്പോൾ വേണമെങ്കിലും
തിരിഞ്ഞേക്കാവുന്ന രീതിയിൽ..
അവർക്ക് മാത്രം
കാണാവുന്ന തരത്തിൽ;
അവർ മുമ്പിലിട്ടിരിക്കുന്ന,
പലനിറത്തിലുള്ള
മനുഷ്യരുടെ ഇൻഡികേറ്ററുകൾ!

Thursday, 5 November 2015

ചൂട്

 വെയിലിൽ  കഴുകി
ഇന്നലത്തെ നിലാവിൽ;
നീലം മുക്കി ഇട്ടിട്ടും
ഇനിയും ഉന്നങ്ങിയിട്ടില്ല
സൂര്യൻ


നാളെയിനി
 എന്തിടും എന്ന പകലിന്റെ
അസ്വസ്ഥതയാവും
ഇന്നത്തെ ചൂട്!

Tuesday, 3 November 2015

ഇരുപുറത്തും എഴുതാവുന്ന ജലം

ഇരുപുറവും എഴുതാവുന്ന
ജലം;

അതിൽ
നിന്റെ വിരൽ
എന്റെ ചുണ്ടിൽ നനച്ചു, 

ഞാൻ;
നിന്റെ പേരെഴുതുന്നു..


ഓളങ്ങൾ പോലെ
ചുറ്റും വളയം തീർത്ത്‌
ലോകം മുഴുവൻ
നീലനിറത്തിൽ
നമ്മുടെ ഉടലുകളിൽ നിന്ന്..
ഊർന്നു പോകുന്നു..

Monday, 2 November 2015

സ്വർണത്തിന്റെ വൈ-ഫൈ

സ്വർണത്തിന്റെ
വൈ-ഫൈ പോലെ
ജുവലറി കാണുമ്പോൾ
വൈഫ്‌ കാണിക്കുന്ന
(സ്നേഹത്തിന്റെ)
സിഗ്നലുകൾ 

നിശബ്ദ പ്രചരണം

കാണിക്കവഞ്ചിയുടെ
ചിഹ്നത്തിൽ
ദൈവമായി മത്സരിച്ചു
സ്ഥിരം തോറ്റുപോകുന്ന
 മനുഷ്യർ..


ആ മനുഷ്യരെ തിരഞ്ഞെടുക്കുവാൻ
 കള്ളവോട്ടിടാൻ
ദൈവമെന്നും
ഒളിച്ചുവരുന്ന
പോളിംഗ് ബൂത്തുകളാണ് ദേവാലയങ്ങൾ...

എന്നൊരു
നിശബ്ദ പ്രചരണം;
മനുഷ്യത്വം തോറ്റുപോയ
തെരഞ്ഞെടുപ്പു കഴിഞ്ഞും
നടക്കുന്നു ...

വളരെ വൈകി വേണ്ടെന്നു വെയ്ക്കുന്ന ഇന്നുകൾ

ഇന്നലെയ്ക്കും
നാളെയ്ക്കും കൂടി
ഒരവിഹിതഗർഭത്തിൽ
ഉണ്ടായി,
വളരെ വൈകി;
വേണ്ടെന്നു വെയ്ക്കുന്ന
കുഞ്ഞാവും;
ഓരോ ഇന്നും....  

വേണം വെവ്വേറെ ലിപികൾ എഴുത്തിനും വായനയ്ക്കും

ഞാനെന്നല്ല
 ആരും
എഴുതുന്നില്ല;
ഇക്കാലത്ത്;

ഇക്കാലത്തെന്നല്ല;
എഴുതിയിട്ടില്ല ഒരുകാലത്തും!

വായിക്കുന്നത്
എഴുതുന്നതിനു മുമ്പായതുകൊണ്ട്
ആരോവായിച്ചു എന്നറിയുവാൻ വേണ്ടി,

വായനയ്ക്ക് ശേഷം,
കാലം;
ലിപികളിൽ അടയാളപ്പെടുത്തുന്നു...
അത്രമാത്രം!

കളഞ്ഞുപോയ മഴയുടെ കണ്ടുകിട്ടിയ പാട്ട്



ചോര നനഞ്ഞു 
മരണത്തിൻ കാൽക്കൽ
വേദന
ഒരു മുറിവ് കാത്തു നില്ക്കവേ..

കളഞ്ഞുപോയമഴയുടെ 
പൊറുത്തപൊറ്റ പൊട്ടിച്ചാരോ
'കണ്ടു'കിട്ടിയ
ഒരു പാട്ട് മൂളുന്നു...

ഉടലിൽ നിന്ന് പുറത്തിറങ്ങി
ഹൃദയം 
മഴ നനയുന്നു...
  

Saturday, 31 October 2015

നമ്മൾ

നമ്മൾ
രണ്ടു ചുണ്ടുകളാൽ
ഒറ്റചുംബനത്തിലെയ്ക്ക്‌
വേർപിരിഞ്ഞു പോയ
രണ്ട്
 ഉടൽരതികൾ    

പേരില്ലാത്ത സൂര്യൻ




 നിന്റെ വിരലുകൾ നീളുമ്പോൾ
മഞ്ഞുത്തുള്ളികൾ പറ്റിയിരിക്കുന്ന
പനിനീർപ്പൂ പോലെ
 തീ;
 വിരിഞ്ഞു വരുന്ന,


എന്നും കൃത്യമായി
കിഴക്കുദിക്കുന്ന
 നിന്റെ അടുക്കളയിൽ

പടിഞ്ഞാറു എന്ന് തെറ്റിദ്ധരിച്ചു
എന്നും സന്ധ്യക്ക്‌
വെളിച്ചമില്ലാതെ
വന്നസ്തമിക്കുന്നു
പേരില്ലാത്തൊരു സൂര്യൻ.. 

Friday, 30 October 2015

തൂക്കാൻ മറന്നു പോയ ചിത്രം

പറക്കുന്ന ചിത്രശലഭങ്ങളുടെ
പോസ്റ്ററുകൾ ഒട്ടിച്ചു വെച്ചിരിക്കുന്ന
മതിലുകൾക്കപ്പുറം

കൊഴിഞ്ഞ പൂക്കളുടെ
ചിത്രങ്ങൾ ആണിയടിച്ചു
വെച്ചിരിക്കുന്ന ചെടിയുടെ ചുവരുകൾ

അതിൽ കാലം
 തൂക്കാൻ മറന്നു പോയ
ചിത്രം ആരുടേതായിരിക്കും?

വറ്റൽ





കാറ്റ് കീറി
വെയിൽ ചേർത്ത്
മൊരിച്ചെടുക്കണം
കൊഴിഞ്ഞുവീണ
 കാറ്റാടി ഇലകളുടെ
വറ്റലുകൾ



ഇല്ലാത്ത മരത്തിന്റെ
 തണലിൽ വെറുതേയിരിക്കുമ്പോൾ
കൊറിക്കുവാൻ

കട്ടി

കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
 വളർന്നു എന്ന കള്ളം കാട്ടിയതിന്
 കട്ടിയിട്ട്;
പിണങ്ങിപ്പോയ ദൈവം-
 ഇപ്പോഴും;
 മിണ്ടാൻ കൂട്ടാക്കാത്ത
കുട്ടിയാണ് ഞാൻ .. 

Thursday, 29 October 2015

ചില്ലകൾ ഉണ്ടാവുന്ന വിധം

അധികം വന്ന വേരുകൾ കൊണ്ട്
ഉലയുന്ന ആകാശത്തെ
ഭൂമിയുമായി കൂട്ടികെട്ടിയ മരം
പെയ്ത മേഘങ്ങളിൽ
മെച്ചം വന്ന
ജലം തിരിച്ചറിയാതിരിക്കുവാൻ
വേരുകളിൽ ഇലകൾ വളർത്തുന്നു..

മരമറിയാതെ
 ചെറു അനക്കങ്ങളിൽ
നേരം മയങ്ങിക്കിടക്കുമ്പോൾ
കാറ്റിന്റെ മടിയിൽ
 ഇലകളെ ചലനത്തിന് എഴുത്തിനിരുത്തി
ചില്ലകളാക്കുന്നു... 

ഒരു തുള്ളി വെള്ളം

ഒരു തുള്ളി വെള്ളം
അതിൽ
ഇല്ലാത്ത വെള്ളം ചേർത്തു
മഴയും
ഒന്ന് നീട്ടി പുഴയും
ഒന്ന് കുറുക്കി വെള്ളച്ചാട്ടവും
ഒന്ന് നിർത്തി കുളവും
ഒന്ന് നിരത്തി  കായലും
ഒന്ന് നീട്ടി കുറുക്കി പരത്തി
തിരമാലയും
പിന്നെ ആഴങ്ങളിൽ ആഴ്ത്തി  സമുദ്രവും
ഉണ്ടാക്കുന്ന  മഹാ പ്രണയമേ
 നീ ഒരുക്കുന്നു ദാഹവും പ്രളയവും
അതേ ചെറു തുള്ളിയിൽ
പ്രണയത്തിന്റെ
കടും നിറങ്ങളിൽ..

Tuesday, 27 October 2015

പുതു കാഴ്ചകൾ

ആരോ പിടിച്ച
പെടപെടാ   പിടയ്ക്കുന്ന
 മീനിന്റെ ഉടലിൽ
 മുള്ള് പോലെ  വെള്ളം  കൂർപ്പിച്ച്
മഴക്കാലം വരയ്ക്കുന്നു
 പുഴയുടെ തെളിഞ്ഞ ചിത്രം

പുഴ  നനഞ്ഞു
ജീവൻ തിരിച്ചു കിട്ടിയ മീൻ
പിടച്ചിലിൽ നിന്ന് കരയ്ക്ക്‌ കയറി
മേലാകെ  ഒന്ന്  കുടഞ്ഞു
ഒരു തുള്ളി വെള്ളം ചേര്ക്കാതെ
ശുദ്ധമായ കണ്ണീരു വെച്ച്
മഴത്തുള്ളികളിൽ  തിരിച്ചു വരയ്ക്കുന്നു
 തുറന്നിരിക്കുന്ന ഓരോ കണ്ണുകൾ...


ഹാ നിറയെ പുതു  കാഴ്ചകൾ  

മരണാനന്തര ബഹുമതി പോലെ.. പ്രണയം

എന്റെ കല്ലറയ്ക്ക് മുമ്പിൽ
ആരോ വെച്ച് പോയ
മനോഹരമായ പൂവാണ് നീ...
ഇപ്പോൾ നമ്മൾ പ്രണയത്തിലാണ്
പ്രാണന്റെ പോലും തടസ്സമില്ലാതെ!

കാത്തുനില്പ്പു

തോർന്ന മഴയുടെ ചോട്ടിൽ
ഒരു കുടവുമായി കാത്തു നില്ക്കുന്നു
ഞാനും
പെയ്തൊഴിഞ്ഞ മഴക്കോളും!

Friday, 23 October 2015

വിരഹത്തിനു ഒരു സ്വതന്ത്രാവിഷ്കാരം

ഇറ്റുകയും ചെയ്തു
താഴേയ്ക്ക് ഒട്ടു വീണതുമില്ല
അത്തരത്തിൽ
അന്തരീക്ഷത്തിൽ തങ്ങി നില്ക്കുന്ന
ഒട്ടേറെ ത്തുള്ളികൾ

അവയിൽ സുഷിരങ്ങൾ നെയ്തു
ഓരോ ഇഴയിലും
കോർത്തിടുന്ന മഴ

 ആ ഭംഗിക്കിടയിലും
പെയ്യുന്ന മഴയിൽ
മഴത്തുള്ളികൾ  ഓരോന്നും
വെവ്വേറെ അനുഭവിക്കുന്ന
കടുത്ത ഏകാന്തത

കൂടുതൽ
വെള്ളം ചേർക്കാതെ പറഞ്ഞാൽ
നീയില്ലാത്തപ്പോൾ
ഞാൻ അനുഭവിക്കുന്ന
തീവ്രവിരഹമുണ്ടല്ലോ
അതിന്റെ ഏറ്റവും  ലളിതമായ
സ്വതന്ത്രാവിഷ്കാരമാണ്
ഓരോ മഴയും    

സ്റ്റാറ്റസ് പോസ്റ്റ്‌

ഉണ്ടാവില്ല
നക്ഷത്രങ്ങളുടെ ലൈകുകൾ ..
ഷെയർ ചെയ്യുവാൻ
ഒരു പക്ഷെ മേഘങ്ങളും;
എന്നാലും
നീയില്ലാതെ അത്രമേൽ ശൂന്യമായ
ഈ രാത്രിയിൽ
നിനക്ക് വേണ്ടി
സ്റ്റാറ്റസായി ഞാൻ പോസ്റ്റ്‌ ചെയ്യുന്നു
നീലനിറത്തിൽ ഒരാകാശം!